Parish History
ഇടവക ചരിത്രം
In Brief
Vayalathala is a village on the banks of the holy river Pampa. Our forefathers settled here about two hundred years ago, clearing forest land and trading hill produce by river to Alappuzha and Kochi. They first worshipped at Kozhencherry Valiyapally and later at Kattoor St. Mary's Church.
In 1906 (Kollavarsham 1081), led by Vadasseriyil Yauseppu Kathanar, the community resolved to build a church at Vayalathala. Kuzhiyammannil Madathu Kurian Yohannan and his nephew Kuzhiyammannil Pallickal Kurian Geevarghese donated the land on the hill known as Kothukumala, and the deed was registered in the name of the whole community, signed by forty members. The name of the Holy Cross (Sleeba) was chosen by drawing lots.
On Kumbham 8, 1081, the feast of St. Severus, the first Holy Qurbana was celebrated by Vattasseril Geevarghese Ramban, later St. Dionysius of Vattasseril, assisted by Deacon Kuriakose, later Kuriakose Mar Gregorios of Pampady. Because it was the feast of St. Severus, the Ramban named the church Mar Severios Sleeba Pally.
The present church was built under the leadership of Fr. P. M. Philipose Pallickal, temporarily consecrated in 1969 by Daniel Mar Philoxenos, and solemnly consecrated on 8–9 March 1991 by Mathews Mar Coorilos, later Catholicos Baselios Marthoma Mathews II. Its three altars are dedicated to St. Severus, St. Mary, and St. George with St. Gregorios of Parumala.
The parish has given eleven priests to the Church and is the mother parish of the Vayalathala Bethseen and Vayalathala St. Mary's parishes. The full history, in Malayalam, follows.
പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് വയലത്തല. ഏകദേശം 200 വർഷങ്ങൾക്കു മുമ്പാണ് നമ്മുടെ പിതാക്കന്മാർ ഈ പ്രദേശത്ത് കുടിയേറിയത്. എഴുമറ്റൂർ കോവിലക ത്തിന്റെ അധീനതയിലായിരുന്ന ഈ പ്രദേശം ഘോരവനങ്ങളാൽ നിബിഡമായിരുന്നു. ഒഴവ് വെട്ടി കൃഷി ചെയ്തിരുന്ന നമ്മുടെ പൂർവ്വികന്മാർക്ക് കൊല്ലവർഷം 1062-ാം ആണ്ടോടുകൂടി പട്ടയം ലഭിച്ചു. അന്ന് കൃഷി ചെയ്തു ഉൽപ്പാദിപ്പിച്ചിരുന്ന മലഞ്ചരക്കുകൾ, നാരങ്ങാനം, കടമ്മനിട്ട, അയിരൂർ തുടങ്ങിയ സ്ഥലങ്ങ ളിലെ പ്രമുഖ വ്യാപാരികളുമായി സഹകരിച്ച് ആലപ്പുഴ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ പമ്പാനദി വഴി വ്യാപാരം നടത്തി വന്നു.
നമ്മുടെ പിതാക്കന്മാരിൽ ഭൂരിഭാഗവും കുറവിലങ്ങാട്ട് പ്രദേശത്തു നിന്നും കുടിയേറി പാർത്തവരായിരുന്നു. ആറന്മുള, മെഴുവേലി, ആലാ, കോഴഞ്ചേരി ആദിയായ സ്ഥലത്തുനിന്നും കുടിയേറി പാർത്തവരും ഉണ്ട്. നമ്മുടെ പൂർവ്വികന്മാർ ആദ്യം കോഴഞ്ചേരി വലിയ പള്ളിയിലും പിന്നീട് കാട്ടൂർ സെന്റ് മേരീസ് പള്ളി യിലും ആരാധനയിൽ പങ്കെടുത്തിരുന്നു. കൊല്ലവർഷം 1081-ാമാണ്ട്, അതായത് എ.ഡി 1906 ൽ വടശ്ശേരിയേത്ത് യൗസേപ്പ് കത്തനാരുടെ നേതൃത്വത്തിൽ വയലത്തലയിൽ ഒരു പള്ളി സ്ഥാപിക്കുവാൻ ആലോചിക്കുകയും അതിൻ പ്രകാരം കുഴിയംമണ്ണിൽ മാടത്ത് കുര്യൻ യോഹന്നാനും സഹോദരപുത്രൻ കുഴിയംമണ്ണിൽ പള്ളിക്കൽ കുര്യൻ ഗീവറുഗീസും കൂടി പന്ത്രണ്ടു പറ വിത്തുപാട് സ്ഥലം കൊതുകുമല എന്നറിയപ്പെടുന്ന ഈ മലയിൽ പള്ളിക്കായി ദാനം നൽകി. മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടിൽ വലിയ മാർ ദീവന്നാസിയോസിൽ നിന്നും കല്പന വാങ്ങി, സർക്കാർ ഉത്തരവും വാങ്ങി, പള്ളി വയ്ക്കാനുള്ള ആലോചന തുടങ്ങി.
പള്ളിക്ക് ദാനമായി കിട്ടിയ സ്ഥലത്തിനോ പള്ളിക്കോ ആർക്കും പ്രത്യേക അവകാശാധികാരങ്ങൾ ഇല്ലാതിരിക്കാൻ വേണ്ടി ആധാരം പൊതുവിലേക്ക് രജിസ്റ്റർ ചെയ്തു. ഇതിൻപ്രകാരം രജിസ്റ്ററിൽ ഒപ്പ് വച്ചവരുടെ പേരു വിവരം താഴെ പ്പറയുന്നു.
ആധാരത്തിൽ ഒപ്പുവച്ചവർ (The 40 signatories of the deed)
- വയലത്തല മുറിയിൽ തടത്തേൽ മാത്തൻ മകൻ 67 വയസ്സായ മാത്തുണ്ണി
- ടി യിൽ തടത്തേൽ മാത്തൻ മകൻ 63 വയസ്സായ വർക്കി,
- വെള്ളപ്ലാക്കൽ വറീത് മകൻ 42 വയസ്സായ ഇരുപ്പൂട്ടി
- പരനേത്ത് വറീത് മകൻ 37 വയസ്സായ വറീത്
- ആറൊന്നിൽ കുര്യൻ മകൻ 35 വയസ്സായ മാത്തൻ
- നെല്ലിമൂട്ടിൽ മാത്തുണ്ണി മകൻ 45 വയസ്സായ കുര്യൻ
- നെല്ലിമൂട്ടിൽ മാത്തുണ്ണി മകൻ 38 വയസ്സായ ചെറിയാൻ
- നെല്ലിമൂട്ടിൽ മാത്തുണ്ണി മകൻ 35 വയസ്സായ മത്തായി
- നെല്ലിമൂട്ടിൽ മാത്തുണ്ണി മകൻ 30 വയസ്സായ തോമാ
- കരിമ്പിനേത്ത് ഐപ്പ് മകൻ 67 വയസ്സായ ഇട്ടി
- കളയ്ക്കാട്ട് ഇട്ടി മകൻ 27 വയസ്സായ കീവറീത്
- വെട്ടിയാനിക്കൽ തോമാ മകൻ 25 വയസ്സായ മത്തായി
- തേവർകാട്ടിൽ തോമ മകൻ 48 വയസ്സായ കീവറീത്
- കുടിലിൽ വറീത് മകൻ 28 വയസ്സായ ചാക്കോ
- കാടംപ്ലാക്കൽ ഈപ്പൻ മകൻ 28 വയസ്സായ കുഞ്ഞുമ്മൻ
- കാടാപ്ലാക്കൽ വറീത് മകൻ 25 വയസ്സായ കൊച്ചിക്ക
- വടശ്ശേരിയേത് ചരിവുകാലായിൽ ഐപ്പ് മകൻ 28 വയസ്സായ വറീത്
- പുതുപ്പറമ്പിൽ കീവറീത് മകൻ 25 വയസ്സായ കൊച്ചുകുഞ്ഞ്
- പൊൻമേലിൽ മലയിൽ ആനകുഴിക്കൽ അബ്രഹാം കത്തനാര് മകൻ 24 വയസ്സായ മത്തായി
- ആനകുഴിക്കൽ തോമാ മകൻ 25 വയസ്സായ കീവറീത്
- വള്ളിക്കാലായിൽ ചാക്കോ മകൻ 26 വയസ്സായ മത്തായി
- മാമൂട്ടിൽ ചാണ്ടി മകൻ 28 വയസ്സായ ചാണ്ടി
- കുഴികാലായിൽ ഇരുപ്പൂട്ടി മകൻ 59 വയസ്സായ കീവറീത്
- ആടുപാറ പുത്തൻപുരയ്ക്കൽ സ്കറിയ കത്തനാർ മകൻ 32 വയസ്സായ ചെറിയാൻ
- ആടുപാറ പുത്തൻപുരയ്ക്കൽ സ്കറിയ കത്തനാർ മകൻ 30 വയസ്സായ കീവറീത്
- കീക്കൊഴുർ മുറിയിൽ ഈച്ചരാമണ്ണിൽ ഇട്ടിയവിര മകൻ 43 വയസ്സായ കീവറീത്
- കിഴക്കേ എരുത്തിക്കൽ ചാണ്ടി മകൻ 48 വയസ്സായ മത്തായി
- മാടത്തേത് ചെറിയാൻ മകൻ 58 വയസ്സായ മത്തായി
- പടിഞ്ഞാറെ ചെറുവള്ളിക്കുഴിയിൽ വറീത് മകൻ 58 വയസ്സായ കുര്യൻ
- കളളിമല ചെറിയാൻ മകൻ 34 വയസ്സായ കീവറീത്
- കാട്ടൂർ മുറിയിൽ വെള്ളാട്ടേത്ത് ചെറിയാൻ മകൻ 48 വയസ്സായ ചാണ്ടി
- കൊച്ചു പറത്തിട്ട കുര്യൻ മകൻ 55 വയസ്സായ കീവറീത്
- വെള്ളാട്ടേത്ത് കൊച്ചിക്ക മകൻ 46 വയസ്സായ തോമ്മാ
- വെള്ളാട്ടേത്ത് കൊച്ചിക്ക മകൻ 29 വയസ്സായകൊച്ചിക്ക
- കാറ്റാടിക്കൽ മേപ്രത്ത് ചെറിയാൻ മകൻ 34 വയസ്സായ കൊച്ചുകുഞ്ഞ്
- മാത്തിലേത്ത് ഉതുപ്പ് മകൻ 58 വയസ്സായ മത്തായി
- മഠത്തിലേത്ത് ഉതുപ്പ് മകൻ 55 വയസ്സായ ചാക്കോ
- മഠത്തിലേത്ത് ഉതുപ്പ് മകൻ 32 വയസ്സായി യൗസേപ്പ്
- ചിറക്കുഴിയിൽ ചാണ്ടി മകൻ 30 വയസ്സായ തോമ
- ചിറയ്ക്കൽ ചാണ്ടി മകൻ 54 വയസ്സായ വറീത്
പളളിക്ക് ഏത് പരിശുദ്ധന്റെ പേര് നൽകണമെന്ന് ആലോചിച്ചതിൽ വി. ദൈവമാതാവ്, വി.ദീർഘദർശിമാർ, വി. ശ്ലീഹന്മാർ, വി. സഹദേന്മാർ, അറിയപ്പെട്ടിട്ടുള്ള പരിശുദ്ധന്മാർ, നമ്മുടെ കർത്താവിന്റെ സ്ലീബാ എന്നി പേരുകൾ എഴുതി നറുക്കിട്ടതിൽ വി. സ്ലീബാ എന്ന പേര് നറുക്കിൽ വീണതിൻ പ്രകാരം സ്ലീബാ പള്ളി എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
1081-ാമാണ്ട് കുംഭം 8-ാം തീയതി പരിശുദ്ധ മാർ സേവേറിയോസ് ബാവായുടെ ഓർമ്മ പെരുന്നാൾ ദിവസം പുതുതായി വച്ച പള്ളിയിൽ വി. കുർബാന ആദ്യമായി നടത്താൻ മലങ്കര മെത്രാപ്പോലീത്താ കല്പന നൽകി അയച്ചത് അന്ന് മലങ്കര മല്പാനായിരുന്ന വട്ടശ്ശേരിൽ ഗീവർഗീസ് റമ്പാനെയായിരുന്നു. (പിൽക്കാലത്ത് പരിശുദ്ധ സഭാ ഭാസുരൻ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത), ബഹുമാനപ്പെട്ട റമ്പാൻ കുരിശ് വച്ച് വി കുർബാന അർപ്പിച്ചു. ഒരു പരിശുദ്ധന്റെ നാമം കൂടി പള്ളിക്ക് വേണമെന്ന് ബഹുമാനപ്പെട്ട റമ്പാച്ചൻ അഭിപ്രായപ്പെടുകയും അന്നേ ദിവസം മാർ സേവേറിയോസ് ബാവായുടെ ഓർമ്മ പെരുന്നാൾ ദിവസമായതിനാലും റമ്പാച്ചൻ പള്ളിക്ക് 'മാർ സേവേറിയോസ് സ്ലീബാ പള്ളി' എന്ന് നാമകരണം ചെയ്തു അദ്ദേഹത്തിന്റെ കൂടെ ശുശ്രൂഷകൾക്കായി കുറിയാക്കോസ് ശെമ്മാശ്ശനും (പിൽക്കാലത്ത് കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് -പാമ്പാടി തിരുമേനി) അനുഗമിച്ചിരുന്നു.
വടശ്ശേരിയത്ത് യൗസേപ്പ് കത്തനാരെ കൂടാതെ കുഴിയംമണ്ണിൽ മാടത്ത് കോശി കത്തനാർ, തെങ്ങും തോട്ടത്തിൽ റ്റി. എസ്സ്. എബ്രഹാം കോർ എപ്പിസ്കോപ്പ വെണ്ണിക്കുളത്തച്ചൻ, കാട്ടുരച്ചൻ എന്നിവർ ആദ്യകാല ങ്ങളിൽ ഇടവകയുടെ വികാരിമാരായിരുന്നു. പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസുകൊണ്ട് ഓതറ ദയറായിൽ മാത്യൂസ് അച്ചനായി കഴിയുന്ന കാലഘട്ടങ്ങളിൽ ഇവിടെ വന്ന് കാലാകാലങ്ങളിൽ ശുശ്രൂഷ നടത്തിയിരുന്നു.
സഭയിലെ ആദ്യ സന്യാസ സമൂഹമായ ബഥനി ആശ്രമം സ്ഥാപിച്ചപ്പോൾ അതിനുവേണ്ടി ഇടവകയിൽ നിന്ന് പിടിയരി ശേഖരണവും മറ്റു പിരിവുകളും നടത്തി ബഥനി ആശ്രമത്തെ സഹായിച്ചിട്ടുണ്ട്. അന്ന് ഇതിന് നേതൃത്വം കൊടുത്തത് പരേതനായ കൊച്ചുകാലായിൽ ഗീവറുഗീസ് (പരനേത്ത്- ആശാൻ) ആയിരുന്നു. വാഹന സൗകര്യമില്ലാതിരുന്ന ആ കാലത്ത് ബഥനിയിലേക്ക് പോയിരുന്ന തിരുമേനിമാർക്കും സന്യാസികൾക്കും ഈ ഇടവക ഒരു ഇടത്താവളമായി പ്രവർത്തിച്ചിരുന്നു.
1928 ൽ അന്നത്തെ മലങ്കര മെത്രാപ്പോലിത്ത ആയിരുന്ന വട്ടശ്ശേരിൽ മാർ ദിവന്ന്യാസോസ് തിരുമേനി ഈ ഇടവകയിൽ വീണ്ടും എഴുന്നെള്ളി നാലു ദിവസം ഇവിടെ താമസിച്ച് ആത്മീക ശുശ്രൂഷകൾക്കൊപ്പം സഭാ കേസിന്റെ നടത്തിപ്പിനെപ്പറ്റി ഇടവക ജനങ്ങളോട് സംസാരിക്കുകയും അതിൻ പ്രകാരം തിരുമേനിക്ക് 326 രൂപ 15 ചക്രം 2 കാശ് നൽകിയതായും രേഖകളിൽ കാണുന്നു (അന്ന് 100 നാളികേരത്തിന് ഒന്നര രൂപയിൽ താഴെ വിലയുള്ള കാലഘട്ടമാണെന്ന് സ്മരിക്കേണ്ടതാണ് ). നമ്മുടെ പൂർവ്വപിതാക്കന്മാർ നമ്മുടെ സഭയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണിത്.
1930 ൽ പെരുനാട് ബഥനിയിലെ മാർ ഈവാനിയോസ് തിരുമേനി സഭ വിട്ട് റീത്ത് പ്രസ്ഥാനം സ്വീകരിച്ചപ്പോൾ കൂഴിയിമണ്ണിൽ മാടത്ത് കോശിക്കത്തനാരും കുറെ വീട്ടുകാരും ഈ ഇടവക വിട്ട് റീത്ത് പ്രസ്ഥാനത്തിൽ ചേർന്നു. 1936 ൽ കുഴിയംമണ്ണിൽ മാടത്ത് കോശി കത്തനാരുടെ നേതൃത്വത്തിൽ വയലത്തലയിൽ വി. ദൈവമാതാവിന്റെ നാമത്തിൽ ഒരു പള്ളി സ്ഥാപിച്ച് ഈ ഇടവകയിൽ നിന്ന് മാറുകയും ചെയ്തു.
1955 ൽ വടശ്ശേര്യത്ത് ഗബ്രിയേലച്ചൻ ബാഹ്യ കേരള ഭദ്രാസനത്തിലേക്ക് സ്ഥലം മാറി പോവുകയും പളളിക്കൽ പി. എം പീലിപ്പോസച്ചൻ പുതിയ വികാരിയായി ചുമതല ഏറ്റ് മുടങ്ങി കിടന്ന പള്ളി പണിക്ക് നേതൃത്വം നൽകി. 1969 ൽ ഇടവക മെത്രാപ്പോലീത്താ ദാനിയേൽ മാർ പീലക്സിനോസ് തിരുമനസ്സ് കൊണ്ട് പള്ളിയുടെ താല്ക്കാലിക കൂദാശ നടത്തി. വി. കുർബാന അർപ്പിച്ചതോടെ പുതിയ പള്ളിയിൽ ആരാധന തുടങ്ങി.
പള്ളി പണി സമയത്ത് ഇടവകാംഗമായ തടത്തെൽ വർഗ്ഗീസ് മീഖായേൽ ഒരു വലിയ കരിങ്കൽ തുണ്ടവുമായി ഏതാണ്ട് 30 അടി ഉയരത്തിൽ നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയും അത്ഭുതകരമായി ഏതാണ്ട് 12 അടി ഉയരത്തിലുള്ള കോണിയിൽ വന്ന് നിൽക്കുകയും കരിങ്കൽ തുണ്ട് തറയിൽ പതിക്കുകയും ചെയ്തു. ഒരു പോറൽ പോലും ഏല്ക്കാതെ പ: സേവേറിയോസ് പിതാവ് കാത്തു സംരക്ഷിച്ചത് ഇടവക ഒന്നടങ്കം നന്ദിയോടെ സ്മരിക്കുന്നു.
രോഗികൾക്കും, ദു :ഖിതർക്കും പ: സേവറിയോസിന്റെ മദ്ധ്യസ്ഥത അന്നും ഇന്നും ആശ്വാസം നൽകി വരുന്നു. ഏതു സങ്കടയാചനയ്ക്കും ഈ ദേവാലയം പരിഹാരം നൽകി എല്ലാവരെയും അനുഗ്രഹിക്കുന്നു.
1952 ൽ റവ. ഡോ. എം. വി. ജോർജ് എം. എ. ബി. ഡി, എസ് റ്റി എം (ഇപ്പോഴത്തെ അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലിത്ത ) പള്ളിയിൽ വന്ന് ഒരാഴ്ച കാലം താമസിച്ച് സുവിശേഷ യോഗങ്ങൾ നടത്തി ഇടവകയ്ക്ക് ആത്മീക നവോത്ഥാനം നൽകി . പ്രധാന ത്രോണോസ് പ: സേവേറിയോസ് പിതാവിന്റെ നാമ ത്തിലും വടക്കു ഭാഗത്തെ ത്രോണോസ് പ: ദൈവ മാതാവിന്റെ നാമത്തിലും തെക്കുവശത്തെ ത്രോണോസ് പ: ഗീവർഗീസ് സഹദായുടെയും പി.പരുമല ഗ്രീഗോറിയോസ് തിരുമേനിയുടെയും നാമത്തിലാണ് കൂദാശ ചെയ്യപ്പെട്ടിരിക്കുന്നത്.
1991 മാർച്ച് 8,9 തീയതികളിൽ അന്നത്തെ നിയുക്ത കാതോലിക്ക മാതുസ് മാർ കൂറിലോസ് (പിൽക്കാലത്ത് മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ) തിരുമനസ്സിന്റെ പ്രധാന കാർമ്മികത്വലും അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് (ഇപ്പോഴത്ത ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ) ജോസഫ് മാർ പക്കോമിയോസ്, പീലിപ്പോസ് മാർ യൗസേബിയോസ്, പൗലോസ് മാർ മിലിത്തിയോസ്, തോമസ് മാർ അത്താനാസിയോസ് എന്നീ തിരുമേനിമാരുടെ സഹകാർമ്മികത്വത്തിലും വന്ദ്യ കുറിയാക്കോസ് റമ്പാൻ (ഇപ്പോൾ കുറിയാക്കോസ് മാർ ക്ലിമീസ് തിരുമേനി) വന്ദ്യ ഗീവർഗീസ് റമ്പാൻ (ഇപ്പോൾ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി) വന്യ ബർസൗമ റമ്പാൻ, നിരവധി വൈദീക സ്രേഷ്ഠർ, വന്ദ്യ കന്യാ സ്ത്രീകൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പള്ളിയുടെ കൂദാശ നിർവഹിച്ചു.
വയലത്തല ബത്സീൻ, വയലത്തല സെന്റ് മേരീസ് എന്നീ ഇടവകകളുടെ മാതൃ ഇടവകയാണ് നമ്മുടെ ദേവാലയം എന്ന് സ്മരിച്ചുകൊള്ളുന്നു.
കുഴികാലായിൽ ശ്രീ. ഗീവർഗീസ് ജോൺ വയലത്തല പോസ്റ്റോഫീസിനു സമീപം പള്ളിക്ക് ദാനമായി തന്നെ സ്ഥലത്ത് പള്ളി വകയായി 1969 ൽ വി. ഗീവറുഗീസ് സഹദായുടെ നാമത്തിൽ കുരിശടി നിർമ്മിച്ച് ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ ദാനിയേൽ മാർ പീലക്സിനോസ് തിരുമനസ്സുകൊണ്ട് കൂദാശ ചെയ്തിട്ടുള്ളതാണ്.
പള്ളിക്കൽ ശ്രീ. ഗീവർഗീസ് പീലിപ്പോസ് പുതമണ്ണിന് സമീപം റാന്നി-കോഴഞ്ചേരി റോഡ് സൈഡിൽ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസിന്റെ നാമത്തിൽ ഒരു കുരിശടി നിർമ്മിച്ച് സ്ഥലവും കുരിശടിയും 1982 ൽ പള്ളിക്ക് ദാനമായി നൽകിയിട്ടുള്ളതും അന്നത്തെ കത്തോലിക്കാ ബാവാ പരി.ബസേലിയോസ് മാത്യൂസ് പ്രഥമൻ തിരുമനസ്സുകൊണ്ട് കൂദാശ ചെയ്ത് ഇടവകയ്ക്ക് വിട്ടു തന്നിട്ടുള്ളതാണ്.
ശതാബ്ദിയോടനുബന്ധിച്ച് ഓലിക്കൽ ശ്രീ.എം എം തോമസിന്റെ നേതൃത്വത്തിൽ ഓലിക്കൽ കുടുംബം വകയായി 2005 ഫെബ്രുവരിയിൽ വി.ദൈവമാതാവിന്റെ നാമത്തിൽ പള്ളിയുടെ പടിഞ്ഞാറെ നടയിൽ ഒരു കുരിശടി നിർമ്മിച്ച് ഇടവക മെത്രാപോലിത്ത അഭിവന്ദ്യ പീലിപ്പോസ് മാർ യൗസേബിയോസ് തിരുമനസുകൊണ്ട് കൂദാശ ചെയ്ത് ഇടവകയ്ക്ക് വിട്ടു തന്നിട്ടുള്ളതാണ് .
പള്ളിക്ക് ദാനമായി കിട്ടിയ മേൽ വിവരിച്ച സ്ഥല ങ്ങൾ കൂടാതെ നെല്ലിമൂട്ടിൽ കുര്യൻ മാത്തുണ്ണിയിൽ നിന്ന് 24 സെന്റ് സ്ഥലവും തറയത്ത് കുര്യൻ സാമുവേലിൽ നിന്ന് രണ്ടര , സെന്റ് സ്ഥലവും നെല്ലിമൂട്ടിൽ എൻ.കെ. ചെറിയാനിൽ നിന്ന് 2 സെന്റ് സ്ഥലവും പളളിക്ക് തീറ് വാങ്ങിയിട്ടുള്ളതാണ്.
ഇടവകയുടെ കാവൽ പിതാവായ മാർ സേവേറിയോസ് ബാവായുടെ ഓർമ്മ പെരുന്നാൾ (പളളി പെരുന്നാൾ ) എല്ലാ വർഷവും കുംഭം 8,9 തീയതികളിൽ ആഘോഷപൂർവം നടത്തിവരുന്നു. നാനാജാതി മതസ്ഥരായ ജനങ്ങൾ ഈ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു വരുന്നു.
വി. ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ എല്ലാവർഷവും മെയ് 8, 9 തീയതികളിൽ ആഘോഷ പൂർവ്വം നടത്തിവരുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുനാൾ നവംബർ മാസത്തിലെ ആദ്യ ഞായറാഴ്ച ഭക്തിപൂർവം നടത്തുകയും നവംമ്പർ 1-ാം തീയതി പരുമലയിലേക്ക് പദയാത്ര നടത്തുകയും ചെയ്തു വരുന്നു. കിഴക്കൻ മേഖലയിലെ ആദ്യ പദയാത്ര ഈ ഇടവകയിൽ നിന്നും ആരംഭിച്ചിട്ട് ഇപ്പോൾ 40 വർഷം പിന്നിട്ടിരിക്കുന്നു, എല്ലാ വർഷവും എട്ടു നോമ്പ് മുടക്കം കൂടാതെ നടത്തിവരുന്നു ദൈവമാതാവിന്റെ് വാങ്ങിപ്പ് പെരുന്നാളും വർഷം തോറും നടത്തിവരുന്നു.
സഭയ്ക്ക് 11 വൈദികരെ ഈ ഇടവക ദാനം ചെയ്തിട്ടുണ്ട് . പരേതരായ വെള്ളാട്ടത്ത് വി. സി. എബ്രഹാം കശീശ്ശാ, പള്ളിക്കൽ പി.എം. പീലിപ്പോസ് കശീശ്ശാ, സീബാ ദാസ സമൂഹത്തിന്റെ ആദ്യകാല പ്രവർ കരിലാരാളായ കാവതിയിൽ കെ.എം, സ്കറിയാ കോർ എപ്പിസ്കോപ്പ, ആടുപാറ ചെമ്പൊത്രയിൽ എ സി കോശി കോർ എപ്പിസ്കോപ്പ, ആല കുഴക്കാലായിൽ കെ. ജെ. സാമുവൽ കോർ എപ്പിസ്കോപ്പ് എന്നിവരെ കൂടാതെ മലങ്കര സഭയുടെ മിഷൻ ബോർഡ് ഡയറക്ട റും പുതുപ്പാടി ആശ്രമ സുപ്പീരിയറുമായ വെരി റവ. കെ ഐ ഫിലിപ്പ് റമ്പാൻ, ഓലിക്കൽ റവ. ഫാ. എം. എം. മാത്യൂസ്, വട്ടിയാനിക്കൽ റവ.ഫാ.മാത്യൂസ്, റവ.ഫാ. റ്റി കെ തോമസ് തറയത്ത്, ആടുപാറ ചെമ്പൊത്രയിൽ റവ. ഫാ. ലെസ്ലി പി ചെറിയാൻ, റവ. ഫാ.വർഗീസ് എബ്രഹാം വട്ടിയാനിക്കൽ, പള്ളിക്കൽ ഫാ . ജോജി ജോർജ് ഫിലിപ്പ് എന്നിവർ ഈ ഇടവകാംഗങ്ങളാണ്. കടമ്പനാട് നസ്രേത്ത് ആശ്രമംഗമായിരുന്ന സിസ്റ്റർ സൂസന്ന, പത്തനാപുരം മൗണ്ട് താബോർ കോൺവെന് അംഗമായ സിസ്റ്റർ പൗളിനോ എന്നിവരും ഈ ഇടവകാംഗങ്ങളാണ്. വൈദീക സമിനാരി വിദ്യാർഥിയായ സിജു തോമസ് തടത്തേൽ ഈ ഇടവകാംഗമാണ്
അവലംബം : 2006 പ്രസിദ്ധീകരിച്ച ശതാബ്‌ദി സ്മരണിക
ജോയിക്കുട്ടി പള്ളിക്കൽ